-----------------------------------------------------------------------------------------------------------------------------------------------------------------------------------

SUNNI BULLETIN LOGO

SUNNI BULLETIN LOGO
SUNNI BULLETIN LOGO

OUR GEUST

Sunday, 5 August 2012


ബദരീങ്ങളെ സ്മരിക്കുമ്പോള്‍ .......!


എ.ഡി 624 ല്‍, ഹിജ്‌റയുടെ രണ്ടാം വര്‍ഷം റമദാന്‍ പതിനേഴിനാണ് ബദര്‍ യുദ്ധം നടന്നത്. മുഹമ്മദ് നബി (സ.അ) യും 313 സഹാബിമാരും ഒരു സത്യവിശ്വാസത്തിന്റെ ഭാഗത്തും മക്കയിലെ പ്രമുഖനായ അബുജഹ് ലിന്റെ കീഴില്‍ ആയിരത്തോളം പടയാളികളും മറുപക്ഷത്തും നിരന്ന ഇസ്ലാം ചരിത്രത്തിലെ ശത്രുക്കളുമായി നടത്തിയ ആദ്യത്തെ യുദ്ധം. അതിന്റെ ഫലം വളരെ നിര്‍ണ്ണായകമായിരുന്നു. ഇസ്ലാമിക ചരിത്രത്തിലെ വഴിത്തിരിവായാണ് ചരിത്ര കാരന്മാര്‍ ഈ യുദ്ധത്തെ കാണുന്നത്.

ഇസ്‌ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക വഴിത്തിരിവായിരുന്നു ബദ്‌ര്‍ യുദ്ധം.ആയിരത്തോളം  വരുന്ന സര്‍വ്വായുധസജ്ജരാ‍യ ശത്രുക്കള്‍ക്കെതിരേ വെറും മുന്നൂറ്റിപ്പതിമൂന്ന് പോരാളികള്‍ വിജയം നേടിയത് ആയുധ ബലം കൊണ്ടോ യുദ്ധനൈപുണ്യം കൊണ്ടോ അല്ല. വിശ്വാസദാര്‍ഢ്യവും സത്യമാര്‍ഗ്ഗത്തില്‍ ജീവന്‍ ബലിയര്‍പ്പിക്കാനുള്ള സന്നദ്ധതയും അനുസരണയും ഒത്തൊരുമയാണ് ബദ്‌റില്‍ മുസ്‌ലിംകള്‍ക്ക് വിജയം നേടികൊടുത്തത്. അതു  തന്നെയാണ്  ബദ്‌ര്‍ എക്കാലത്തേക്കും നല്‍കുന്ന സന്ദേശം

റമദാനിലെ നോമ്പ് നിര്‍ബന്ധമാക്കിയതിനു തൊട്ടു പിറകിലായാണ് ബദര്‍ യുദ്ധം ഉണ്ടായത്. ബദറില്‍ നബിയും അനുചരന്മാരും സര്‍വ്വായുധ സജ്ജരായ ശത്രു സൈന്യത്തെ നേരിട്ടത്  തികച്ചും നിരായുധരായിട്ടായിരുന്നു. മാത്രമല്ല അവര്‍ക്ക് അത്യാവശ്യ ഭക്ഷണം പോലും അപ്പോള്‍ ലഭിച്ചിരുന്നില്ല. എന്നിട്ടും വിജയം കൊണ്ട് നബിയെയും അനുചരന്മാരെയും അല്ലാഹു അനുഗ്രഹിച്ചു.

റമളാന്‍ പതിനേഴ് വെള്ളിയാഴ്ച ദിവസം പ്രഭാതമായതോടെ ഇരുസൈന്യവും ബദ്ര്‍ താഴ്‌വരയില്‍ മുഖാമുഖം നിന്നു. നബി(സ) അണികളെ ക്രമീകരിച്ചു നിര്‍ത്തിയ ശേഷം ശത്രുസൈന്യത്തെ വീക്ഷിച്ചു.

മുസ്‌ലിംകളുടെ മൂന്നിരട്ടി വലുപ്പമുള്ള ശത്രുസൈന്യം. ഒരു ഭാഗം നിറയെ അവരുടെ കുതിരകളും, ഒട്ടകങ്ങളുമാണ്. പടക്കോപ്പുകളുടെ വമ്പിച്ച ശേഖരം. ആര്‍പ്പുവിളികളും അട്ടഹാസങ്ങളും മുഴക്കുകയാണവര്‍. എണ്ണത്തിന്റെയും വണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വിജയം നിശ്ചയിക്കുന്നതെങ്കില്‍, ഇന്ന് വിജയം മക്കക്കാര്‍ക്കു തന്നെ! സംശയമില്ല. പക്ഷേ, കാര്യം അങ്ങനെയല്ല. വിജയപരാജയങ്ങള്‍ നിശ്ചയിക്കുന്നത് അല്ലാഹുവിന്റെ കരങ്ങളാണ്!

അവിടുന്ന് അനുചരരിലേക്ക് നോക്കി. നിരായുധരെന്നു പറയാവുന്ന വിധത്തിലുള്ള ഒരുപിടി ആളുകള്‍! മൈതാനത്തിലൊരിടത്ത് അവരുടെ രണ്ടു കുതിരകളും ഒട്ടകങ്ങളുമുണ്ട്. ഒരു ഭാഗത്ത് കൂറ്റന്‍ പട! മറുഭാഗത്ത് ഒരു കൊച്ചുസംഘം. ആ കൊച്ചു സംഘത്തെ നോക്കുന്തോറും അവിടുത്തെ മുഖം വിവര്‍ണ്ണമായി! തിരുനയനങ്ങള്‍ നിറഞ്ഞു! അവിടുന്ന് തമ്പിലേക്ക് മടങ്ങി. റസൂല്‍(സ)യുടെ ഭാവപ്പകര്‍ച്ച കണ്ട് അബൂബക്കര്‍ (റ)ഉം പിന്നാലെ തമ്പിലേക്ക് കയറി. തമ്പിലേക്ക് കയറിയ റസൂല്‍ (സ) കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി അല്ലാഹുവിന്റെ മുന്നില്‍ നിറകണ്ണുകളോടെ അവിടുന്ന് പ്രാര്‍ത്ഥിച്ചു. കണ്ണു നിറഞ്ഞ പ്രാര്‍ഥന:

”അല്ലാഹുവേ.... ഒരു പിടി മാത്രമുള്ള ഈ ചെറുസംഘത്തെ ഈ ദിവസം നീ നശിപ്പിക്കുകയാണെങ്കില്‍ പിന്നെ, ഈ ഭൂമുഖത്ത് നിന്നെ ആരാധിക്കുന്നവരായി ആരുമുണ്ടായിരിക്കുന്നതല്ല. അല്ലാഹുവേ... നീ എനിക്കു നല്‍കിയ വാഗ്ദാനം പൂര്‍ത്തിയാക്കിത്തരേണമേ.... നിന്റെ സഹായം ആവശ്യമുള്ള സമയമാണിത്. നിരായുധരായ എന്റെ സംഘത്തെ നീ സഹായിക്കേണമേ.......”

ഈമാനിക ശക്തിക്കു മുന്നില്‍ താഗൂത്തിന്റെ ശക്തിക്കു പിടിച്ചുനില്‍ക്കാനായില്ല. മുന്‍നിരയിലുണ്ടായിരുന്ന ശത്രുക്കളെ മുസ്‌ലിംകള്‍ തുരത്തിയോടിച്ചുവിട്ടപ്പോള്‍ പരിഭ്രമിച്ച പിന്‍നിരക്കാരും പിന്തിരിഞ്ഞോടാന്‍ തുടങ്ങി. ഹംസ(റ)യും അലി(റ)യും മുസ്അബ്(റ)മെല്ലാം ജീവന്‍ മറന്നു പൊരുതി.

മുസ്‌ലിംകളുടെ ശക്തമായ ചെറുത്തുനില്‍പ്പ് പ്രവാചക(സ)നെപ്പോലും വിസ്മയിപ്പിച്ചു. അവിടുത്തെ മുഖം പ്രഭാപൂരിതമായി. ഇത് അല്ലാഹുവിന്റെ സഹായമല്ലാതെ മറ്റൊന്നുമല്ല! നന്ദിയോടെ അവിടുന്ന് ദൃഷ്ടികള്‍ മോലോട്ടുയര്‍ത്തി. പെട്ടെന്ന് തിരുവദനം സന്തോഷം കൊണ്ട് വികസിച്ചു. അവിടുന്ന് വിളിച്ചു പറഞ്ഞു: ”ഇതാ.... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു... അല്ലാഹുവിന്റെ സഹായം എത്തിയിരിക്കുന്നു..... ”

ജിബ്‌രീല്‍ (അ)ന്റെ നേതൃത്വത്തില്‍ ഒരു സംഘം മലക്കുകള്‍ അപ്പോള്‍ ആകാശത്തു നിന്നു ഇറങ്ങുകയായിരുന്നു!


ഇസ്ലാമിക ചരിത്രത്തിലെ നിര്‍ണ്ണായക യുദ്ധത്തെ വിശ്വാസികള്‍ എന്നും ഓര്‍ത്തുവെക്കുന്നു. റമദാനില്‍ ബദര്‍ ദിനാചരണവും ബദ്‌രീങ്ങളുടെ* മഹത്വം വാ‍ഴ്തി പാടലും നടക്കുന്നു. ഈ സ്മരണയിലൂടെ നാം വിശ്വാസത്തിന്റെ വിജയത്തെ ഒന്നു കൂടി മനസ്സിലാക്കുന്നു

ബദ്‌ര്‍ പോരാളികളെ മുസ്‌ലിം ലോകം എക്കാലവും ആദരവോടെയാണ് കണ്ടിട്ടുള്ളത്. പ്രവാചക തിരുമേനിയുടെ കാലം മുതല്‍ ഖലീഫമാരുടെ കാലഘട്ടത്തിലും ബദ്‌ര്‍ യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്ക് ഏറ്റം മുന്തിയ പരിഗണനയാണ് നല്‍കപ്പെട്ടിരുന്നത്.

ഒരിക്കല്‍ നബി തിരുമേനി (സ) മദീനയിലെ ഒരു വീട്ടിലെ വിവാഹാഘോഷത്തില്‍ പങ്കെടുക്കാനായി വന്നപ്പോള്‍ ചില പെണ്‍കുട്ടികള്‍ ബദര്‍ രക്തസാക്ഷികളുടെ അപദാനം വാഴ്ത്തിപ്പാടുന്നത് ശ്രദ്ധിച്ചു. നബി(സ)കണ്ടപ്പോള്‍ സ്വാഭാവികമായും പെണ്‍കുട്ടികള്‍ നബിയെ പ്രകീര്‍ത്തിക്കുന്ന ഗാനങ്ങള്‍ ആലപിക്കാന്‍ തുടങ്ങി. ഉടന്‍ നബി(സ) അവരോട് ഇങ്ങനെ പറഞ്ഞു: “ഇത് നിര്‍ത്തി നിങ്ങള്‍ മുമ്പ് പാടിയതു തന്നെ പാടുവിന്‍...” (സ്വഹീഹുല്‍ ബുഖാരി 4/1496. നമ്പര്‍ 3779).

ബദ്‌ര്‍ പോരാളികളെ നബി(സ)യും അനുചരന്മാരും ആദരിച്ച, പ്രകീര്‍ത്തിച്ച നിരവധി സംഭവങ്ങള്‍ ഹദീസില്‍ കാണാം. ബദ്‌റില്‍ പോരാടിയ ഈ 313 പേരെ അല്ലാഹുവും റസൂലും(സ) പൂര്‍ണ്ണമായി തൃപ്തിപ്പെടുകയും, മുഹമ്മദ് (സ)യുടെ സമുദായത്തിലെ അതുല്യരായി അവരെ വാഴ്ത്തുകയും ചെയ്തു. അവരുടെ തെറ്റുകള്‍ അല്ലാഹു പൊറുക്കുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടു. സമുദായത്തില്‍ അവരെ ഏറ്റവും ശ്രേഷ്ടരാക്കിയ പോലെ, ബദ്‌റില്‍ പങ്കെടുത്ത മലക്കുകളെയും, അല്ലാഹു ശ്രേഷ്ഠരാക്കിയിട്ടുണ്ടെന്നും ജിബ്‌രീല്‍ {അ} അറിയിച്ചു. വാനലോകത്തും, ഭൂമിയിലും ബദ്ര്‍ പോരാളികള്‍ ഒരു പോലെ വാഴ്ത്തപ്പെട്ടു. സദസ്സുകളില്‍ നബി(സ) അവരെ പ്രത്യേകം പരിഗണിക്കുകയും, മറ്റു സ്വഹാബാക്കള്‍ അവരെ പ്രത്യേകമായി ആദരിക്കുകയും ചെയ്തിരുന്നു.

മഹാത്മാക്കളുടെ ഈ പാരമ്പര്യം ഇന്നും മുസ്‌ലിംകള്‍ കൈവിടാതെ സൂക്ഷിക്കുന്നു. റമദാന്‍ പതിനേഴാം രാവില്‍ അവര്‍ ബദ്‌ര്‍ രക്തസാക്ഷികളുടെയും പോരാളികളുടെയും മഹത്വം ഘോഷിക്കുന്നു, അപദാനങ്ങള്‍ പാടുന്നു, ഭക്ഷണം ദാനം ചെയ്യുന്നു. ഇസ്‌ലാമിക പാരമ്പര്യത്തിലെ ഏറ്റവും ചൈതന്യവത്തായ ഒരു മഹാസംഭവത്തിന്റെ ഓര്‍മ്മ പുതുക്കുന്ന ബദ്‌ര്‍ ദിനം ജീവിതം സംശുദ്ധവും സുധീരവുമാക്കാന്‍ നമുക്ക് പ്രേരണ ആകേണ്ടതാ‍ണ്.

ബദറില്‍ പങ്കെടുത്ത 313 സഹാബികളുടെ പേരുകള്‍ കോര്‍ത്ത മൌലൂദിലെ ഈരടികള്‍ പ്രായമായവര്‍ക്കൊക്കെ മനപാഠമായിരുന്നു. ആ പേരുകളുടെ ഈണത്തിലുള്ള വായന എല്ലാ വീടുകളില്‍  സജീവമായിരുന്നു. ബദരീങ്ങളുടെ പേരുകള്‍ക്കു എന്തു മാത്രം പോരിശകള്‍...  അതെല്ലാം   അനുഭവത്തില്‍ അറിഞ്ഞവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍,   ആ പേരുകള്‍ പോലും കാവല്‍, വാതില്‍ക്കലവ‍ എഴുതിത്തൂക്കി ദൂരയാത്ര പോയ ബഗ്ദാദിലെ കച്ചവടക്കാരന്‍റെ വീട് കുത്തിത്തുറന്ന കള്ളന്‍മാര്‍ തട്ടിന്‍ പുറത്തെ തട്ടും മുട്ടും കേട്ട് തടിയെടുത്ത കഥ ഇമാം ഹദീസില്‍ വായിക്കാന്‍ നമുക്ക്  കഴിയും. ഇന്നത്തെ തലമുറ അതെല്ലാം വിസ്മരിക്കുന്ന കാഴ്ച ഇന്ന് ജീവിച്ചിരിക്കുന്ന ആ പ്രായമായവരുടെ ഹൃദയം ഒരുപാട് വേദനിപ്പിക്കുന്നു,

ബദരീങ്ങള്‍ക്ക് ഒരു പ്രാഥാന്യവും   നല്‍കാതെ അവരെ  അവമതിക്കുന്ന  കക്ഷികള്‍ ഇന്നും  നമ്മുക്കിടയിലുണ്ട്, ഖവാരിജുകളുടെയും മുഅതലിസത്തുകാരുടെയും പിന്‍ തലമുറക്കാരായ ഈ ബിദഈകക്ഷികളെ  നാം  അകറ്റി  നിര്‍ത്തുകയും, നമ്മുടെ തലമുറയെ  അവരുടെ ശര്‍റില്‍ നിന്ന് കാത്തു  കൊള്ളാന്‍ വളരെ ഗൌരവമായി എല്ലാവരും ശ്രദ്ദ വെക്കുകയും  വേണം.

അള്ളാഹു നമ്മുടെ ജീവിതത്തില്‍,  നമ്മുടെ കുടുംബത്തില്‍,  നമ്മുടെ സമുദായത്തില്‍....    ബദരീങ്ങളുടെ കാവല്‍ എല്ലായിപ്പോഴും സദാ വര്‍ഷിക്കുമാറാകട്ടെ (ആമീന്‍ )

G-TEC

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi36uI-sB8mKiAu3nRlc8_ypPlpDXpsfMn-JQs2FmLOVaSrYoqgKbgKsqYQVgEbvQuH7tFcsTCbAab97AtNcZQm7B90n95tYZCTm1hw2RqOC1tDlxQMnpl2GcXRgMeCal3ornktYJU4AUuQ/s1600/1.jpg

HUBURASOOL

HUBURASOOL
http://www.hubburasool.net

DEKAY SOAP







OUR OFFICE

OUR OFFICE
JAMIA AL HASHIMIYYA AL ISLAMIYA