മഖ്ബറ തകര്‍ക്കല്‍ : ലിബിയന്‍ ആഭ്യന്തര മന്ത്രി രാജിവച്ചു
ട്രിപോളി: ലിബിയയില്‍ മഖ്ബറകള്‍ തകര്‍ക്കുന്നത് തുടരുകയാണ്. ശനിയാഴ്ചയും ട്രിപോളിയിലെ ഒരു പ്രധാന മഖ്ബറ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തു. അക്രമത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ നവീനവാദികളാണ് ഇത്തരം അക്രമങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.
ശനിയാഴ്ചയുണ്ടായ സംഭവത്തോടെ ട്രിപ്പോളിയില്‍ തകര്‍ക്കപ്പെടുന്ന മൂന്നാമത്തെ മഖ്ബറയാണ് ഇത്. വിശ്വാസികള്‍ വന്‍ തോതില്‍ സന്ദര്‍ശിക്കാനെത്തുന്ന മഖ്ബറകളാണ് തകര്‍ക്കപ്പെടുന്നത്.
ഇത്തരം അക്രമങ്ങളെ ചെറുക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ ലിബിയന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. മഖ്ബറകള്‍ സംരക്ഷിക്കാനുള്ള എല്ലാ ഉത്തരവാദിത്വങ്ങളും സര്‍ക്കാരില്‍ നിക്ഷിപ്തമാണെന്നും രാജ്യത്ത് എല്ലാ വിഭാഗങ്ങളുടേയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും ലിബിയയിലെ ഉന്നത മതപണ്ഡിതന്‍ ശെയ്ഖ് സദഖ് അല്‍ ഖരിയാനി ആവശ്യപ്പെട്ടു.
ശനിയാഴ്ച രാവിലെ ബുള്‍ഡോസറുമായെത്തിയ ഒരു സംഘം മഖ്ബറ തകര്‍ക്കുകയായിരുന്നുവെന്ന് ഒരു ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഈ സമയം പോലീസ് മഖ്ബറയിലേയ്ക്ക് പ്രവേശിക്കുന്ന റോഡുകള്‍ അടച്ചിട്ടുവെങ്കിലും അക്രമികളെ തടയാന്‍ ശ്രമിച്ചില്ലെന്നും ആരോപണമുണ്ട്. ലിബിയന്‍ പ്രസിഡന്റ് മുഹമ്മദ് അല്‍ മെഗരിഫ് സംഭവത്തെ അപലപിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ സദാ ജാഗരൂകരായിരിക്കാന്‍ അദ്ദേഹം രാജ്യത്തെ പൗരന്മാരോടും സുരക്ഷാ ഉദ്യോഗസ്ഥരോടും ആഹ്വാനം ചെയ്തു.
അറബ് രാജ്യങ്ങളില്‍ നവീന വാദികള്‍ക്ക് ഭരണകൂടത്തില്‍ സ്വാധീനമുള്ള വിവിധയിടങ്ങളില്‍ നേരത്തെയും മഖ്ബറകളെയും ഇസ്‌ലാമിക ചരിത്രങ്ങളെയും അടയാളപ്പെടുത്തുന്ന ചിഹ്നങ്ങളെയും തകര്‍ത്തിരുന്നു.
അതേ സമയം ലിബിയന്‍ ആഭ്യന്തര മന്ത്രി ഫൗസി അബ്ദേല്‍ അലി രാജിവച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയിലുണ്ടായ പാളിച്ചയെത്തുടര്‍ന്നാണ് രാജി. ഈദുല്‍ ഫിത്തര്‍ ആഘോഷവേളയില്‍ രാജ്യത്തുണ്ടായ ഇരട്ട കാര്‍ ബോംബ് സ്ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.
ലിബിയയിലെ സലഫീ ആക്രമണം:പ്രതിഷേധവുമായി ലോക പണ്ഡിതര്‍
കൈറോ: ലിബിയയിലെ വിവിധ മുസ്‌ലിം മഖ്ബറകള്‍ക്കു നേരെയും പ്രശസ്തരായ സൂഫിവര്യന്മാരുടെ മഖാമുകള്‍ക്ക് നേരെയും തീവ്ര ‘സലഫിസ്റ്റുകള്‍’ നടത്തിയ ആക്രമണങ്ങള്‍ക്കെതിരെ മുസ്‌ലിം ലോക പണ്ഡിതര്‍............. സംഭവത്തെ ശക്തമായ ഭാഷയില്‍ അപലപിച്ച ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ കുഴപ്പം സൃഷ്ടിക്കാനും വിശ്വാസികളുടെ മേല്‍ ‘അവിശ്വാസം’ ആരോപിക്കാനും ശ്രമിക്കുന്ന ഇവരുടെ മേല്‍ ഇസ്‌ലാമിനെതിരെ യുദ്ധം ചെയ്തതിനു യുദ്ധക്കുറ്റം ചുമത്തണമെന്നും ഇവര്‍ക്കെതിരെ എല്ലാവരും രംഗത്ത് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുസ്‌ലിം സമൂഹം ഒന്നടങ്കം ആദരിക്കുന്ന മാലികി മദ്ഹബിലെ പ്രമുഖരായ അബ്ദുസ്സലാം അല്‍-അസ്മര്‍, അഹ്മദ് സറൂഖ് എന്നിവരുടെ ഖബറിടങ്ങള്‍ പൊളിച്ചത് അങ്ങേയറ്റം അപലപനീയമാണെന്നും മുഫ്തി പറഞ്ഞു.
“അല്ലാഹുവിന്റെ ഭവനങ്ങള്‍ പൊളിക്കുകയും മുസ്‌ലിംകളുടെ വിശുദ്ധ ചിഹ്നങ്ങളെ മലിനപ്പെടുത്തുകയും അല്ലാഹുവിന്റെ ഔലിയാക്കളെ അനാദരിക്കുകയും ഭൂമിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുക്കയും ലിബിയന്‍ മുസ്‌ലിംകള്‍ക്കിടയില്‍ അനൈക്യത്തിന്റെ വിത്തുകള്‍ വിതച്ചു അവരെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഈ വിഭാഗം ഈ കാലഘട്ടത്തിലെ ഖവാരിജുകള്‍ ആണെന്നും” ഈജിപ്ത് ദാറുല്‍ ഇഫ്താ (ഫത്‌വ ബോര്‍ഡ്) പേരില്‍ പുറത്തിറക്കിയ പ്രസ്തവാനയില്‍ അലി ജുമുഅ വ്യക്തമാക്കി.
ആഗോള സൂഫി പണ്ഡിത സംഘടന
സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു ആഗോള സൂഫി പണ്ഡിത സംഘടനയും രംഗത്ത് വന്നു. വഴിതെറ്റിയ വിശ്വാസങ്ങളുടെയും തെറ്റായ ചിന്താഗതികളുടെയും ഫലമാണ് ഈ ആക്രമണമെന്നും വിശ്വാസികള്‍ വെച്ചുപുലര്‍ത്താന്‍ കഴിയാത്ത അന്ധവിശ്വാസമാണ് ഇക്കൂട്ടരെ നയിക്കുന്നതെന്നും സംഘടനയുടെ തലവനും ശൈഖുല്‍ അസ്ഹറിന്റെ സീനിയര്‍ ഉപദേഷ്ടാവുമായ ഡോ. ഹസന്‍ ശാഫിഈ പറഞ്ഞു.
സമുദായത്തിന്റെ ശേഷിപ്പുകള്‍ സംരക്ഷിക്കാന്‍ മുസ്‌ലിം ലോകത്തെ ആദ്യകാല സ്ഥാപനങ്ങളായ ഈജിപ്തിലെ അല്‍-അസ്ഹറും ടുണീഷ്യയിലെ സൈത്തൂനയും മൊറോക്കോയിലെ ഖര്‍വീനും മുന്‍കൈ എടുക്കണമെന്നും ശാഫിഈ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ ഐക്യം സംരക്ഷിക്കാന്‍ ‘സലഫികള്‍’ എന്ന് വിളിക്കപ്പെടുന്നവര്‍ ഇത്തരം നീച പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലിബിയന്‍ ഫത്‌വ ബോര്‍ഡ്
മുസ്‌ലിംകളുടെയോ മറ്റുള്ളവരുടെയോ ഖബറിടങ്ങള്‍ മലിനപ്പെടുതന്നത് ഇസ്‌ലാമിക വിരുദ്ധമാണെന്നും ഖബറിടങ്ങള്‍ മാന്തുകയും അതിലെ അവിശ്ഷടങ്ങള്‍ ആയുധത്തിന്റെ ശക്തി ഉപയോഗിച്ച് പുറത്തെടുക്കുകയും ചെയ്യുന്ന പ്രവണത ഇസ്‌ലാം അംഗീകരിക്കുന്നില്ലെന്നും ലിബിയന്‍ ഫത്‌വ ബോര്‍ഡ് ചെയര്‍മാന്‍ ഡോ. സാദിഖ് അല്‍-ഗര്‍യാനി പറഞ്ഞു.